ചങ്ങലകൾക്ക് പറയാനുള്ളത്

ചങ്ങലകൾക്ക് പറയാനുള്ളത്.

*************************
മൂന്നുമാസത്തെ നീണ്ട അവധിക്കു ശേഷം ഞാൻ ഇന്ന് ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുവാണ്.
ഇത്രയും ദിവസം വീട്ടിൽ ഇരുന്നത് കൊണ്ടാകണം
ഹോസ്പിറ്റലിൽ പുതിയതായി എത്തിയപോലെ. അല്ലെങ്കിൽ തന്നെ ഈ ലോകത്തിലെ മറ്റു എവിടെയും പോലെ അല്ല ഇവിടം.
മാനസിക നില തെറ്റിയവർക്കു വേണ്ടി ഒരിടം...
ഇവിടുത്തെ ഇടനാഴികൾക്കു പോലും ഒരുതരം ഭയപ്പാടുണ്ട്.... ചിരികളും അട്ടഹാസങ്ങളും അലറിച്ചകളും തേങ്ങലും കൊണ്ട് നിറഞ്ഞിരിക്കും. ചിലപ്പോൾ നിശബ്ദതയും....
ഒരുപാട് ജീവിതങ്ങളുടെ കഥപറയാനുണ്ടിവിടെ..
സൈയ്‌ക്കാട്രിക് ഹോസ്പിറ്റലിൽ ജോലി കിട്ടിയപ്പോൾ ആദ്യം ഒന്നു മടിച്ചു. മാനസികരോഗികളോടൊ പ്പം ജോലി ചെയ്യാൻ പേടിയായിരുന്നു...... പക്ഷെ അവരെ അടുത്തറിഞ്ഞാൽ തീരാവുന്നതേ ഉള്ളു ആ പേടി എന്ന് പിന്നീടാണ് മനസിലായത്.

മാസങ്ങളായിട്ടും വർഷങ്ങളായിട്ടും താമസിക്കുന്ന രോഗികളുണ്ടിവിടെ.... ഉറ്റവർക്കു  വേണ്ടാത്ത, സ്വന്തം പേരോ നാടോ ഓർമയില്ലാത്ത, ജീവിതം ഇരുട്ടുമുറിയിൽ തളച്ചിട്ട നൂറു കണക്കിന് രോഗികൾ ഉണ്ട് ഈ ഹോസ്പിറ്റലിൽ....

ഡെലിവറിയിൽ കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ട് പ്രസവാവധി മൂന്ന് മാസം എടുക്കുകയായിരുന്നു.. കുഞ്ഞിനെ വിട്ടു പോന്നതിന്റെയും ഇത്രയും ദിവസത്തെ റസ്റ്റ് കൂടെ ആയത്കൊണ്ടും ജോലിക്ക് വരാൻ താത്പര്യം ഉണ്ടായിരുന്നില്ല.
വാർഡിൽ എത്തിയപ്പോൾ കൂടെ ഉള്ളവർ വിശേഷങ്ങൾ ചോദിച്ചവരോട് ചുരുങ്ങിയ വാക്കിൽ മറുപടി പറഞ്ഞൊതുക്കി.

വാർഡ്‌ 12 സ്ത്രീകൾക് വേണ്ടി മാത്രം ഉള്ള വാർഡാണ്‌....
അത്ര കുഴപ്പക്കാരല്ലാത്ത രോഗികൾ മാത്രമാണ് ഇവിടെ ഉള്ളത്... അതുകൊണ്ട് അത്ര ഭയക്കേണ്ടതില്ല. എന്നാലും അവരുടെ മൂഡ് എപ്പോൾ മാറുമെന്നു പറയാനൊക്കില്ല....  ചിലപ്പോൾ ഉപദ്രവിച്ചെന്നും വരും...
30 രോഗികൾ ഉള്ള വാർഡിൽ 10 പേരെ ഇന്ന് നോക്കണം.. ഞാൻ ലീവിന് പോകും മുന്നേ ഉണ്ടായിരുന്ന മൂന്നാലുപേർ ഇപ്പോഴും ഉണ്ട്..
അവരെ അന്വേഷിച്ചു ആരും ഇനി വരാനും പോകുന്നില്ല.

ഹാൻഡ്‌ ഓവറും  വാങ്ങി മെഡിസിൻ കൊടുക്കാൻ തുടങ്ങുകയായിരുന്നു.  
തനിച്ചിരിക്കാൻ താത്പര്യം ഉള്ളവരായോണ്ട് പ്രേത്യേക മുറിയിലായിരുന്നു ഓരോ അന്തേവാസികളും...

റൂം നമ്പർ 10 പഴയ പേഷ്യന്റ് ആണ്.. മറിയാമ്മ കുര്യൻ... ആരോടും സംസാരമില്ല. മറിയാമ്മച്ചി എന്ന് വിളിച്ചാൽ തലയുയർത്തി ഒന്നു നോക്കും..
തനിയെ ഒന്നും ചെയ്യില്ല. എല്ലാത്തിനും ആളുവേണം..  
നല്ല ഒരു കുടുംബത്തിലെ അംഗം  ആയിരുന്നു മറിയാമ്മച്ചി...
ഒരേ ഒരു മകൻ.
ആവശ്യം പോലെ സ്വത്തും.... ഭർത്താവിന്റെ മരണത്തോടെ കഷ്ടകാലം ആരംഭിച്ചു.. മകനും ഭാര്യയും സ്വത്തിനു വേണ്ടി നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്നു.. മകന്റെ മാറ്റം ആ സ്ത്രീയുടെ മാനസിക നില തെറ്റിച്ചു..
അങ്ങനെ മറിയാമ്മച്ചി വീടിനുള്ളിൽ നിന്നും പുറത്തായി...
വിറകു പുരയുടെ ഒരു മൂലയിൽ നിന്നും മലമൂത്ര വിസർജ്യങ്ങൾക്കിടയിൽ നിന്നും ഏതോ സംഘടനകരാണ് ഇവിടെ എത്തിച്ചത്. മരുന്നുകൾക്ക് പോലും തിരിച്ചു കൊണ്ടുവരാനാവാത്ത വിധം അവരുടെ ഓർമ്മകൾ നശിച്ചിരുന്നു..   സാധാ നിറഞ്ഞൊഴുകുന്ന കണ്ണുനീരിന്റെ അർത്ഥം പോലും അറിയാതെ,
ആ അമ്മ ഇരുട്ടിൽ കഴിയാൻ തുടങ്ങിയിട്ടു 9 മാസത്തോളമായി.. . ഗുളിക വായിൽ ഇട്ടു കൊടുത്തു വെള്ളം കൂടെ ഒഴിച്ച് കൊടുത്തപ്പോൾ എന്റെ മുഖത്തേക്ക് അവർ ഒന്നു നോക്കി... എനിക്ക് എന്തിന് ഇതൊക്കെ എന്ന് ചോദിക്കും പോലെ...
ആ അമ്മയെ ഇന്ന് എനിക്ക് മനസിലാകും. താനും  ഇന്നൊരു അമ്മയാണ്..  ഒരു കുഞ്ഞിന്റെ പിറവിക്കുവേണ്ടി ഒരു സ്ത്രീ അനുഭവിക്കുന്ന വിഷമങ്ങൾ ഞാനും അനുഭവിച്ചതാണ്.... ഈ അമ്മയുടെ മകനോട്‌ കാലം  കണക്ക് ചോദിക്കട്ടെ..  

അടുത്ത മുറിയിൽ പുതിയൊരു ആളായിരുന്നു ഒരാഴ്ച മാത്രം ആയുള്ളൂ അഡ്മിറ്റ് ആയിട്ട്...
ഭർത്താവ് മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങിയപോൾ മാനസികമായി തകർന്നു പോയിരുന്നു...
കടുത്ത വിഷാദരോഗിയാണവരിപ്പോൾ....
രണ്ടു മക്കൾ ഉള്ളത് അവരുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നു... തിരിച്ചറിവില്ലാത്ത കുട്ടികൾ അമ്മയുടെ വരവും നോക്കിയിരിപ്പുണ്ടാകും..

പതിമൂന്നാം നമ്പർ മുറിയിലേക്ക് മെഡിസിൻ ട്രോളിയുമായി കയറാൻ തുടങ്ങുവായിരുന്നു... മെഡിക്കൽ റെക്കോർഡി  ൽ നിമിഷ എന്ന് കണ്ടത് ഓർമിച്ചു..  അറ്റെൻഷൻ സീക്കിങ് ഡിസോർഡർ ആണ് രോഗ കാരണം എഴുതിയിരിക്കുന്നത്..... മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത രോഗാവസ്‌ഥ. സാധാരണ ഹോസ്റ്റലിൽ താമസിക്കുന്ന കൗമാരക്കാരിൽ പൊതുവായി കാണപ്പെടുന്ന ഒരുതരം മാനസിക വിഭ്രാന്തി   ......

ഹോസ്പിറ്റൽ യൂണിഫോം ഇട്ടു കട്ടിലിൽ ഉറങ്ങി കിടക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ സപ്ത നാഡികളും തളരുന്നത് പോലെ..   

ലച്ചു.....

അതെ ലച്ചു തന്നെ.... 

കഴിഞ്ഞ ഒരുവർഷകാലമായി
തന്റെ വിരൽ തുമ്പിലൂടെ അറിഞ്ഞ ലച്ചൂട്ടി.. 
മുഖ പുസ്തകത്തിലൂടെ തനിക്കു കിട്ടിയ അനിയത്തി കുട്ടി...

ഈശ്വരാ താൻ ഈ കാണുന്നത് സത്യമോ....

ഇവൾ ഇവിടെ....

കാലിൽ തളർച്ച അനുഭവപ്പെടും പോലെ...

തനിക്കിന്നു ജോലി ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല.....

അത്രയേറെ ഷോക്ക് ആയി പോയി..... ഹാഫ് ഡേ ലീവ് ചോദിക്കാം.....
ഡ്യൂട്ടിക്ക് കേറിയപ്പഴേ ഇങ്ങനെ....

മറ്റു റൂമിലെ രോഗികൾക്കു മരുന്ന് കൊടുത്തു തീർത്തു... പതിമൂന്നിൽ മെഡിസിൻ കൊടുക്കാൻ കൂടെ ഉണ്ടായിരുന്ന ജെസ്സി സിസ്റ്ററിനോടും പറഞ്ഞു....

തന്റെ മാറ്റം മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി....

എന്തുപറ്റി രേഷ്മ... ജോലിക്ക് കേറിയപ്പോൾ വയ്യാഴിക പോലെ
ജെസ്സി സിസ്റ്റർ ചോദിക്കാൻ മറന്നില്ല..

കുഞ്ഞിനെ വിട്ടു ഒരുനിമിഷം മാറിനിന്നിട്ടില്ല. അവൻ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. ഒരുവിധം പറഞ്ഞൊപ്പിച്ചു .

സാരല്യ രേഷ്മ.... ആദ്യ ദിവസം ആയോണ്ട.... ഞങ്ങളൊക്കെ അങ്ങനെ അല്ലെ....

എന്തായാലും സിസ്റ്റർ ഞാൻ ഹാഫ് ഡേ എടുക്കുകയാ.... ഇന്ന് ഇനി ഇവിടെ നിന്നാൽ എനിക്കും ഭ്രാന്ത്‌ ആകും.....

തിരിച്ചുള്ള യാത്രയിൽ മുഴുവനും  അവൾ തന്നെയാണ് മനസ്സിൽ....
ഒരു വർഷം മുന്നേ മുഖ പുസ്തകത്തിൽ താൻ ഇട്ട ഒരു ചെറുകഥക്ക് കമന്റ്‌ ഇട്ടു തുടങ്ങിയ ബന്ധം ആയിരുന്നു ലച്ചുവുമായിട്ട്.... 
പിന്നെ തന്റെ എല്ലാ പോസ്റ്റിലും സ്ഥിരം കമന്റ്‌ ചെയ്യാറുണ്ടായിരുന്നു.. പിന്നെ ഇൻബോക്സിലൂടെ ആയി സൗഹൃദം....
ഇടയ്ക്കു ഒരു ദിവസം ഒരു വലിയ വെളിപ്പെടുത്തൽ... അവൾക്കു വൈദ്യ ശാസ്ത്രം മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത
മാറാ രോഗമാണ് എന്ന്....
രോഗ ലക്ഷണങ്ങൾക്കു മാത്രം ചികിത്സിച്ചു മരണത്തെ കാത്തു കിടക്കുന്ന ഒരു ഇരുപത്തൊന്നു കാരി ആണ് അവളെന്നു
.
പിന്നെ അവളുമായി കൂടുതൽ അടുക്കുവായിരുന്നു... അവൾ ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ അവൾ അറിയികുമായിരുന്നു... അവളെ സന്തോഷിപ്പിക്കാൻ ഒരു കൂട്ടം സുഹൃത്തുക്കൾ ശ്രമിച്ചു കൊണ്ടിരുന്നു.... താനും അവർക്കൊപ്പം കൂടി... വല്ലപ്പോഴും തരുന്ന  ഫോട്ടോസിലൂടെ മാത്രം കണ്ടിട്ടുള്ളു അവളെ ഞങ്ങൾ....
വയ്യാത്ത കുട്ടിയായി അവളെ കാണരുത് എന്നത് അവളുടെ അവളുടെ ആഗ്രഹം ആയിരുന്നു

ഇന്ന് ഭ്രാന്താശുപത്രിയിലെ ഒരു മുറിയിൽ അവളെ കണ്ടെന്നു വിശ്വസിക്കാൻ ആകുന്നില്ല.....
പ്രസവവും കുഞ്ഞുമായിട്ടുള്ള തിരക്കും കാരണം മുഖ പുസ്തകത്തിൽ കയറാറില്ലായിരുന്നു..... എങ്കിലും അവൾക്കൊപ്പം അവളെ ഇഷ്ടപെടുന്ന കുറേ പേർ ഉണ്ടെന്ന വിശ്വാസം ഉണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോളേക്കും നന്നായി തളർന്നു പോയി കുഞ്ഞിനെ എടുത്തു പാൽ കൊടുക്കുമ്പോഴും മനസ്സിൽ ലച്ചു ആയിരുന്നു....

നിനക്കെന്തു പറ്റി രേഷ്മ നീ ഇവിടൊന്നുമല്ലലോ... കുഞ്ഞിനെ പോലും ശ്രദ്ധിക്കുന്നില്ലല്ലോ?
ശ്രീ ഏട്ടൻ  കുറ്റപ്പെടുത്തൽ പോലെ ചോദിച്ചപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല..
മുഖ പുസ്തകം തുറന്നു നോക്കിയപ്പോൾ ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു.... കൂട്ടത്തിൽ ലച്ചു വിന്റേതും... അവളോട്‌ ഒരുതരം വെറുപ്പു നിറയുന്നത് താൻ അറിഞ്ഞു.........

ചതികളുടെചിലന്തി വലകൾ ഒളിഞ്ഞിരിക്കുന്ന മുഖപുസ്തകത്തിൽ തന്റെ കൺ മുന്നിൽ കണ്ടതിന്റെ സത്യാവസ്‌ഥ അറിയാൻ തനിക്കു അവകാശം ഉണ്ട്...

അടുത്ത ദിവസം.... ഹോസ്പിറ്റലിൽ എത്തിയതും നിമിഷ യുടെ ഫയൽ എടുക്കുക ആയിരുന്നു ആദ്യം ചെയ്തത്....
നിമിഷ ഇന്ന് ഡിസ്ചാർജ് ആകുന്നു....
വീട്ടിൽ അറിയിച്ചിട്ടുണ്ട്.... റിലേറ്റീവ് വരാൻ കാത്തു നിൽക്കുവാന്....
ഹാൻഡ്‌  ഓവർ തന്ന സിസ്റ്റർ പറഞ്ഞു....

ഫയലുമായി ഡ്യൂട്ടി ഡോക്ടർ ന്റെ അടുത്തേക്ക് പോയി....

ഡോക്ടർ ഈ കുട്ടിയെ ഞാൻ അറിയും. ഇതിനു മറ്റെന്തൊക്കെയോ അസുഖം ഉണ്ടല്ലോ...
ഇപ്പൊ ഡിസ്ചാർജ് ചെയ്യുന്നതെന്താ...

നോക്കു സിസ്റ്റർ ആ കുട്ടിക്ക് യാതൊരു അസുഖവും ഇല്ല...  അവൾക്കു കുടുംബത്തിൽ കിട്ടുന്ന പരിഗണന കുറഞ്ഞു പോയി എന്ന ചിന്തയിൽ അവൾ കാട്ടി കൂട്ടിയതാണ്  മാരക രോഗം ഉണ്ടെന്ന കഥ..
അവൾ ആഗ്രഹിച്ചപോലെ ഒരു കൂട്ടം ആൾക്കാരെ അവൾക്കൊപ്പം കൂട്ടാനും അവൾക്കു കഴിഞ്ഞു... വിരൽ തുമ്പിൽ വിവരങ്ങൾ ഇന്ന് ഇന്റർനെറ്റിലൂടെ കിട്ടുമല്ലോ...
. അങ്ങനെ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞു.
അവളുടെ പപ്പ എങ്ങനെയോ വിവരങ്ങൾ അറിഞ്ഞു. തന്റെ മകൾക്കു മാനസികനില തെറ്റി എന്ന് കരുതി ഇവിടെ കൊണ്ടുവന്നതാണ്...

അവിശ്വസനീയം ആയിരുന്നു താൻ അറിഞ്ഞ കഥ....

മെഡിക്കൽ പ്രൊഫഷണൽ ആയിട്ടു കൂടെ തന്നെ പറ്റിക്കാൻ അവൾക്കു കഴിഞ്ഞു....
ചതിയുടെ പുതിയ രൂപം...

എത്രയോ പ്രാവശ്യം ആ കുട്ടിക്കുവേണ്ടി അമ്പലത്തിന്റെ നടയിൽ തൊഴു കൈയോടെ നിന്നിട്ടുണ്ട്.....

പതിമൂന്നിൽ എത്തിയപ്പോളേക്കും അവൾ പോകാൻ തയ്യാറെടുത്തു നില്കുവായിരുന്നു...

തന്നെ കണ്ടതും അവൾ പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ തല താഴ്ത്തി....

അവൾക്കു ഒന്നും പറയാൻ ഇല്ല എന്ന് തനിക്കറിയാമായിരുന്നു
തന്റെ മുന്നിൽ നില്കുന്നത് ഒരു രോഗി മാത്രം ആയി കാണാൻ മനസ് കൊണ്ട് ആഗ്രഹിച്ചു....
കൈയിൽ ഇരിക്കുന്ന ഡിസ്ചാർജ് സമ്മറി അവൾക്കു നേരെ നീട്ടി.... ഒന്നും മിണ്ടാതെ അവൾ അത് വാങ്ങി.....

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞപ്പോഴേക്കും.. മുഖപുസ്തകത്തിൽ ഒരു പോസ്റ്റ് വന്നിരുന്നു...

"ലച്ചുവിന് ആദരാജ്ഞലികൾ "

ഒപ്പം പുതിയ പേരിൽ മറ്റൊരു id രൂപപ്പെട്ടു കഴിഞ്ഞിരുന്നു.  

Resmi ks

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വരുത്തുപോക്ക്

സ്വപ്നക്കൂട്