വരുത്തുപോക്ക്
വരുത്തു പോക്ക്
*************************
ചെറുപ്പം മുതലേ പറഞ്ഞു കേൾക്കുന്ന ഒന്നായിരുന്നു, വീടിനു മുന്നിലെ റോഡിൽ കൂടെ വരുത്തു പോക്ക് ഉണ്ട് എന്ന്. ..
എന്താണ് ഈ വരുത്തു പോക്ക് എന്ന് അന്ന് അറിയില്ല...
പിന്നെ എപ്പോഴോ ആരൊക്കെയോ പറയുന്നത് കേട്ടു രാത്രി പുറത്തിറങ്ങി നടക്കരുത്, ഏതോ അമ്പലത്തിൽ നിന്നും ദേവി വേറൊരു അമ്പലത്തിലോട്ട് നടന്നുപോകുന്ന വഴിയാണ്, അതിനെയാണ് വരുത്തുപോക്ക് എന്ന് പറയുന്നത്....
രാത്രിയിൽ ചിലങ്കയുടെ ഒച്ച കേൾക്കാം എന്നൊക്കെ......
എന്തൊക്കെയാണേലും ഈ വരുത്തുപോക്ക് മനസ്സിൽ മായാതെ കിടന്നു....
നാളുകൾ കുറേ കഴിഞ്ഞപ്പോൾ ഞാനും കേട്ടു ചിലങ്കയുടെ ശബ്ദം....
രാത്രി ഒരു ഒരുമണി കഴിയുമ്പോൾ ഞാൻ തനിയെ ഉണരും.... അകലത്തുനിന്നു അടുത്ത് വരുന്ന ചിലങ്ക ശബ്‌ദം കേൾക്കാതിരിക്കാൻ ചെവി പൊത്തി പുതപ്പിനടിയിൽ ചുരുണ്ടു കൂടും.....
പുറത്തു പറയാനും ഭയം.....
ഇനി ദേവി എങ്ങാനം ആണെങ്കിലോ, ദേവകോപം ഉറപ്പ്....
അങ്ങനെ പേടിപ്പെടുത്തുന്ന ചിലങ്കയുടെയോ അതോ ചീവിടിന്റെ ഒച്ചയോ എന്റെ ഒരുപാടു രാത്രികളിലെ ഉറക്കം കളഞ്ഞു....
ഒരു പതിനെട്ടു വയസു പ്രായം, അതായത് ഡിഗ്രി ക്ക് പഠിക്കുന്ന സമയം.. ഞങ്ങളുടേത് ഒരു കൂട്ട് കുടുംബം ആയിരുന്നു....
കൂട്ടുകുടുംബം എന്നൊക്കെ പറഞ്ഞാലും രണ്ട് അടുക്കള ആയിരുന്നു.
കിഴക്കേ സൈഡിൽ ഞാനും അച്ഛനും അമ്മയും അനിയനും അടങ്ങിയ ഞങ്ങളുടെ കുടുംബം...
പടിഞ്ഞാറെ സൈഡിൽ അച്ഛന്റെ ചേട്ടന്റെ കുടുംബം...
ഒടുവിൽ ഞങ്ങൾ കൂട്ട് കുടുംബം ഉപേക്ഷിച്ചു അണു കുടുംബം ആകാൻ തീരുമാനിച്ചു വീടിന്റെ ഒരു സൈഡ് പൊളിച്ചു പുതിയ വീടിന്റെ പണി തുടങ്ങി...
അങ്ങനെ ഞാനും അച്ഛനും അമ്മയും ഞങ്ങളുടെ സാധനങ്ങളുമായി ഒരു മുറിയിൽ ഒതുങ്ങി കൂടി...
വെപ്പും കുടിയും കിടപ്പുമെല്ലാം ഒരിടത്ത്... മുറിയുടെ ഒരു മൂലക്ക് ചെറിയൊരു കട്ടിലിൽ ആണ് എന്റെ കിടത്തം....
മഴയും വെയിലുമൊക്കെ എങ്ങും പോകാതെ മുറിക്കുള്ളിൽ തന്നെ കിട്ടുന്നത് കൊണ്ട് പ്രകൃതിയോടിണങ്ങി ഞങ്ങൾ ജീവിച്ചു....
അങ്ങനെയിരിക്കെ ഒരു ദിവസം നല്ലൊരു പാട്ട് കേട്ട് ഞാനുണർന്നു..
എന്നും വെളുപ്പിനെ അടുത്തുള്ളൊരു അമ്പലത്തിൽ നിന്ന് പാട്ട് കേൾക്കാറുണ്ട്...
ഞാൻ കേൾക്കുന്ന പാട്ടിന്റെ വരികൾ അറിയാതെ നാവിൽ വരുന്നു. കൈകൾ താളം പിടിക്കുന്നു...
കുറച്ച് സമയം ഞാൻ ആ പാട്ട് നല്ല പോലെ ആസ്വദിച്ചു....
പിന്നെ ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ആ പാട്ട് വീടിനു പുറകുവശത്തു നിന്നും കേൾകുന്നതു പോലെ....
ഉള്ളിൽ ഒരു ആന്തൽ....
വെളുപ്പിനെ പേരമ്മ അവരുടെ അടുക്കളയിൽ കേറിയതാണോ ? അവരായിരിക്കുമോ പാടിയത് എന്നൊക്കെ ചിന്തിച്ചു....
അപ്പോഴാണ് ഒരു ബോധോദയം വന്നത്..
ഒരു മൂളിപ്പാട്ടുപോലും പാടാത്ത പേരമ്മ തിരുവാതിര പാട്ടിന്റെ ഈണത്തിൽ പാടുകയോ?
അതുവരെ എന്നിൽ ഉണ്ടായിരുന്ന ധൈര്യം ബലൂണിലെ കാറ്റുപോകും പോലെ ശൂ.... എന്നും പറഞ്ഞും പോയി...
അമ്മയെ വിളിക്കാൻ നോക്കിയിട്ട് ശബ്ദം പുറത്തോട്ടു വരുന്നില്ല...
കൈകാലിട്ടടിക്കാൻ നോക്കിയിട്ട് അതും പറ്റുന്നില്ല.....
ഒരുമാതിരി മരവിച്ചിരിക്കുന്നു...
ഭക്ഷണം ഉണ്ടാകുന്ന പാതകത്തിന്റെ അടുക്കൽ ആണ് കിടക്കുന്നതുകൊണ്ടു ഒരു പാത്രം എങ്കിലും തട്ടി തെറിപ്പിച്ചിട്ടു മറ്റുള്ളവരെ ഉണർത്തണം എന്നുണ്ട്....
ഒരുരക്ഷയുമില്ല. . ....
ഭയം കൂടി മരിച്ചു പോകുംപോലെ....
ഞാൻ ഭയത്തിന്റെ അഗാധ ഗർത്തത്തിലേക്ക് പോയി കഴിഞ്ഞിരുന്നു....
എന്ത് ആപത്തു വന്നാലും ശ്രീവല്ലഭനെ വിളിച്ചു പ്രാർത്ഥിക്കണം എന്ന് 'അമ്മ പറഞ്ഞു തന്നത് ഓർത്തു.....
എന്റെ ശ്രീ വല്ലഭാ എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു...
ഒടുവിൽ ഒരു വിളിയിൽ ശബ്ദം പുറത്തേക്കു വന്നു...
അമ്മേ എന്ന് ഉറക്കെ വിളിച്ച് ചാടി എണ്ണിറ്റു ....
എന്റെ അലർച്ച കേട്ട് അച്ഛനും അമ്മയും എണിറ്റു വന്നു....
പാട്ട് കേൾക്കുന്നു എന്ന് പറഞ്ഞപ്പോൾ രാത്രി ഒരുമണിക്കാനോ പാട്ട് കേൾക്കുന്നത് എന്നും പറഞ്ഞ് അവർ എന്നെ വഴക്കുപറഞ്ഞു.....
അവരാരും ഒരു പാട്ടും കേൾകുന്നില്ലത്രേ....
അങ്ങനെ അവർ എന്നെ അവരുടെ നടുവിൽ പിടിച്ചു കിടത്തി....
അച്ഛനും അമ്മയും ഉറക്കം പിടിച്ചപ്പോൾ....
വീണ്ടും അതെ പാട്ട്..... അമ്മയെ ഞാൻ ഇറുക്കി കെട്ടിപിടിച്ചു....
എവിടെ നിന്ന് കേൾക്കുന്നോ, ആര് പാടുന്നോ എന്നറിയാതെ ഞാൻ താളം പിടിച്ച ആ പാട്ട് എന്നെ ഭയപ്പെടുത്തി കൊണ്ടിരുന്നു....
പിറ്റേന്ന് രാവിലെ അമ്മ എന്നെ അമ്പലത്തിൽ കൊണ്ടുപോയി ചരട് ജപിച്ചു കൈയിൽ കെട്ടി തന്നു...
പിന്നീടുള്ള രാത്രികളിൽ ആ ചരടിന്റെ ബലത്തിൽ ഞാൻ കിടന്നുറങ്ങി....
Resmi ks
സത്യമാണോ കഥയാണോ
മറുപടിഇല്ലാതാക്കൂ