അനുഗ്രഹം
അനുഗ്രഹം
കുഞ്ഞിന്റെ മുഖത്തോട്ടു നോക്കിയപ്പോൾ അവൾക്കു സങ്കടം തോന്നി .... വിശന്നു കണ്ണ് കുഴിഞ്ഞിരിക്കുന്ന തന്റെ പൊന്നു മോളുടെ വിളറിയ മുഖം കണ്ടപ്പോൾ ഗായത്രിയുടെ കണ്ണ് നിറഞ്ഞൊഴുകി .
ഒരുപിടി അരി കിട്ടിയിരുന്നെങ്കിൽ തന്റെ അമ്മുവിൻറെ വിശപ്പു മാറ്റാമായിരുന്നു ......
ശരീരവേദനയും വിശപ്പും കാരണം അമ്മു കിടക്കപ്പായയിൽ ചുരുണ്ടു കൂടി കിടന്നു .
ദേവി അനുഗ്രഹിച്ചതാണെന്ന് ദേഹം മുഴുവൻ പൊങ്ങിയിരിക്കുന്നു .
മണൽ വാരി വിതറിയപോലെ ....
മണിമലയാറിന്റെ തീരത്തു കുടിൽ കെട്ടിയാണ്
ഗായത്രിയും അമ്മുവും താമസിച്ചിരുന്നത്.
പ്ളാസ്റ്റിക് ഷീറ്റുകളും കട്ടി കടലാസ്സ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ആ കുടിൽ ,
മഴയത്തും വെയിലത്തും തത്കാലികാശ്വാസം മാത്രമായിരുന്നു അവർക്കത് .
പുറമ്പോക്കു ഭൂമി ഒഴിപ്പിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഒഴിപ്പിച്ചു വിടാം
.ഒരു പ്രണയത്തിന്റെ മറക്കാനാവാത്ത സമ്മാനമായി അവൾക്കുകിട്ടിയതാണ് അമ്മുവിനെ
.പ്രണയസാഫല്യത്തിനായി വീട് വിട്ടിറങ്ങിയപ്പോൾ സ്വപ്നങ്ങളുടെ മായിക ലോകത്തായിരുന്നു. വിശ്വസിച്ചവൻ വിൽപനക്കായി വെച്ചിടത്തിൽ നിന്നും രക്ഷപെട്ടു വന്നപ്പോൾ
അമ്മു അവളുടെ വയറ്റിൽ ജീവൻ വെച്ചിരുന്നു ..
പുറമ്പോക്കിൽ താമസമാക്കിയിരിക്കുന്ന അവൾക്കു റേഷൻ കാർഡോ ആധാർ ഒന്നുമില്ലായിരുന്നു ...പട്ടിണിയുടെ കാഠിന്യം ഏറിയപ്പോൾ സഹായം ചോദിച്ചു ചെന്നത്
ശ്രീ നിലയത്തിലെ ദേവകിയുടെ അടുക്കലായിരുന്നു.അവളുടെ ദയനീയാവസ്ഥ കണ്ടിട്ടാവണം പുറം പണിക്കു അവർ സമ്മതിച്ചത്. അന്ന് മുതൽ ദേവകി അവൾക്കു അമ്മയാണ് .അവളുടെ നിത്യച്ചിലവും പിന്നെ മാസം കിട്ടുന്ന തുച്ഛമായ ശമ്പളവും അവൾക്കു വല്യ ആശ്വാസമായിരുന്നു ....
ഇരുൾ പരക്കുമ്പോൾ ചെറ്റപൊക്കാൻ വരുന്നവരെ മാത്രമേ അവൾ ഭയന്നിരുന്നുള്ളു .....തലയിണക്കിടയിൽ ഒളിപ്പിച്ച വാക്കത്തി അവൾക്കും കുഞ്ഞിനും കരുത്തേകി .
അമ്മുവിന് ചിക്കൻപോക്സ് ആയിട്ടു മൂന്നു ദിവസമായി .....പകരുമെന്ന് പേടിയുള്ളതുകൊണ്ടു ശ്രീനിലയത്തിൽ ചെല്ലണ്ടന്നു ദേവകി പറഞ്ഞിരുന്നു .....കുറച്ചു അരിയും കൊടുത്തു ....ദേവകി റേഷൻ അരി കോഴിക്ക് കൊടുക്കാനാണ് വാങ്ങുന്നത് ,അതിലൊരു പങ്കാണ് അവർ ഗായത്രി യുടെ കൈയ്യിൽ കൊടുത്ത് ....ശ്രീനിലയത്തിലെ കാരണവർക്ക് അയിത്തം അല്പം കൂടുതലാണ് .....അവളെ കാണുമ്പോഴൊക്കെ അവജ്ഞയോടെ നോക്കുന്നത് ഗായത്രി കാണാറുണ്ടായിരുന്നു .അയാളുടെ സ്വഭാവം അറിഞ്ഞുകൊണ്ടാണ് ദേവകി അവളോട് വരണ്ടാന്നു പറഞ്ഞത് .....കിട്ടിയ അരി മുഴുവനും തീർന്നു .കൈയിൽ പൈസയുമില്ല .....തളർന്നു കിടക്കുന്ന കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം സഹിക്കുന്നുമില്ല .....
അവൾ ശ്രീ നിലയത്തിലേക്കു നടന്നു .
ഗേറ്റിനു മുന്നിലെത്തി അവൾ ഉള്ളിലോട്ടു നോക്കി .കാരണവർ അവിടെവിടെലും ഉണ്ടോയെന്ന് ....
അവളുടെ ലക്‌ഷ്യം തൊടിയിൽ നിൽക്കുന്ന വരിക്ക പ്ലാവാണ് ...ഒരു ചക്ക കിട്ടിയിരുന്നേൽ അമ്മൂന്നു ചുള പുഴുങ്ങി കൊടുക്കാമായിരുന്നു . ദേവകിയോട് ചോദിക്കാനും മടി .ചെല്ലരുതെന്നു പറഞ്ഞിടത്തു ധിക്കാരം കാട്ടി ചെന്നാൽ അമ്മക്ക് അനിഷ്ടമാകുമെന്നു അവള്ക്കറിയാമായിരുന്നു .അവൾ ആരും കാണാതെ പറമ്പിലേക്ക് ചെന്നു .രണ്ടു ചക്ക മൂപ്പെത്തി നില്കുന്നു .അവൾ അവിടെ ചാരി വെച്ചിരുന്ന തോട്ടിയെടുത്തു .ഒരു ചക്ക അടർത്തി .....
ഭാ .....
അശ്രീകരമേ ......
നിന്നോടാര് പറഞ്ഞു ശവമേ തൊടിയിൽ കയറാൻ .......
ഇവിടെല്ലാരും വസൂരി വന്നു ചത്തൊട്ടന്നാണോ ......
നിന്നെയൊക്കെ തീറ്റിപ്പോറ്റിയതിനു ഇത് തന്നെ കിട്ടണം......
ശബ്ദം കേട്ട് ദേവകിയും വന്നു ....
.അവൾക്കു അവരോടു കാര്യം പറയണമെന്നുണ്ടായിരുന്നു .....
.ദേവകിയുടെ കണ്ണുകളിലെ തീ കണ്ടപ്പോൾ അവൾക്കു ശബ്ദം പുറത്തോട്ടു വന്നില്ല
.അവൾ അവിടുന്നിറങ്ങി ........
പകലന്തിയോളം പട്ടിണി കിടക്കുന്ന ആ കുരുന്നിനെ ഓർത്തപ്പോൾ അവൾക്കു കരച്ചിലടക്കാനായില്ല .
എങ്ങനേലും അരിക്കുള്ള കാശു ഉണ്ടാക്കാൻ അവൾ തീരുമാനിച്ചു ......
സഹായം ചോദിച്ചവരുടെ കണ്ണുകൾ തന്റെ ശരീരത്തിൽ ആണന്നുള്ള തിരിച്ചറിവായിരുന്നു ആരുടേം മുന്നിൽ പോകാൻ അവളെ വിലക്കിയത് .
തന്റെ മാനത്തിനെക്കാളും വില തന്റെ കുഞ്ഞിന്റെ വിശപ്പിനുണ്ടാണ് മനസ്സിലാക്കിയ അവൾ തന്റെ ആവശ്യക്കാരനെ തേടിയിറങ്ങി .......
തളർന്നിരിക്കുന്ന ശരീരത്തിന് ഒരാളെ തൃപ്തിപ്പെടുത്താനാവുമോ എന്നറിയില്ല.... എങ്കിലും ......
അവൾ തന്റെ ശരിരത്തിലോട്ടു നോക്കി കൈകാലുകളിൽ ചെറിയ ചെറിയ നീർ കുമിളകൾ....
ദേവി അനുഗ്രഹിച്ചിരിക്കുന്നു തന്നെയും....
അനുഗ്രഹം മാത്രമേയുള്ളു പട്ടിണിയാണ് വിധിച്ചത്
. അവൾ തിരിച്ച് കുടിലിലേക്ക് നടന്നു ....
വാതിൽക്കൽ തന്നെയും കാത്തു നിൽക്കുന്ന അമ്മു...
. അവളോട് എന്തു പറയും.
ആ അമ്മ മനം തേങ്ങി.....
അമ്മേ ....
അവളെ കണ്ടയുടനെ അമ്മു വിളിച്ചു.. ദേവകിയമ്മ വന്നു.....
അവൾക്ക് വിശ്വസിക്കാനായില്ല..
അമ്മു ചൂണ്ടി കാണിച്ചിടത്തേക്ക് അവൾ നോക്കി....
ഒരു സഞ്ചിയിൽ അരിയും തൊടിയിൽ നിന്നിട്ട ചക്കയും അവിടിരിപ്പുണ്ടായിരുന്നു.....
ദേവി അനുഗ്രഹിച്ചിരിക്കുന്നു....
ദേവി അനുഗ്രഹിച്ചിരിക്കുന്നു...
അവൾ പറഞ്ഞു കൊണ്ടേയിരുന്നു..... .
Resmi ks
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ